കൊച്ചി: മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ യുഡിഎഫ് സംഘം നടത്തിയ മെട്രോ യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ച്. ജനങ്ങൾക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറയുന്നു.
നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേർക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നിടേണ്ടതായി വന്നു. പ്രവർത്തകര്‍ തള്ളിക്കയറിയത് മൂലം ഉമ്മൻചാണ്ടിക്ക് ആദ്യ ട്രെയിനിൽ കയറാനായില്ല. രമേശ് ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറി പോവുകയും ചെയ്തു. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മൻചാണ്ടി കയറിയത്. യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ തകരാറിലായി.
മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സംഘം യാത്ര നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി മെട്രോ അധികൃതര്‍ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെട്രോയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തകര്‍ പെരുമാറിയതെന്ന് അധികൃതര്‍ പറയുന്നു. സ്റ്റേഷനിലെയും ട്രെയിനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നടപതി സ്വീകരിക്കുക. പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും എല്ലാം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മെട്രോ നയമനുസരിച്ച് ആയിരം രൂപ വരെ പിഴയും ആറ് മാശം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ. ഇക്കാര്യവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് ശിക്ഷാഹര്‍മായ ചെയ്തിയായാണ് വിലയിരുത്തുന്നത്.
പ്രവര്‍ത്തകരുടെ ബഹളം മൂലം സുരക്ഷാ പരിശോധനയ്ക്കായുള്ള മെറ്റൽ ഡിറ്റക്ടറുകൾ തിരക്കില്‍ ഇളകിയാടി. ഓട്ടമാറ്റിക് ഫെയർ കളക്‌ഷനായുള്ള ഗേറ്റുകൾ തുറന്നുവച്ചു. സുരക്ഷാ പരിശോധനകള്‍ ഒന്നുമില്ലാതെ ആളുകൾ മെട്രോ സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. അപകടകരമായ രീതിയിൽ പ്ലാറ്റ്ഫോമിൽ വരെ തിരക്കും ബഹളവുമായി. തിരക്കിനിടെ പലരും പ്ലാറ്റ്‌ഫോമിലെ മഞ്ഞവര മറികടന്ന് ട്രാക്കിനടുത്തെത്തിയത് മെട്രോ അധികൃതരെ ആശങ്കപ്പെടുത്തി. സുരക്ഷാ ജീവനക്കാരുടെ നിർദേശം കേള്‍ക്കാന്‍ പോലും യുഡിഎഫ് പ്രവര്‍ത്തകര്‍ തയാറായില്ല. പരമാവധി 1000 പേർക്കു കയാറാവുന്ന മെട്രോയിൽ അതിലും ഏറെ ആളുകൾ ഇടിച്ചു കയറി. ഇത് മൂലം വാതിലുകൾ അടയ്ക്കാൻ കഴിഞ്ഞില്ല.
യുഡിഎഫിന്റെ ജനകീയ യാത്ര മൂലം സാധാരണക്കാർ യാത്രക്കാര്‍ വലഞ്ഞു. ഇവരെ സ്റ്റേഷനുകളുടെ മുകൾ നിലയിലേക്കു വിടാതെ മെട്രോ ജീവനക്കാർ തടഞ്ഞുവെയ്ക്കുകയായിരുന്നു. സ്റ്റേഷനിൽ മുദ്രാവാക്യം വിളികൾ പാടില്ലെന്നാണ് ചട്ടം. ഇത് സൂചിപ്പിച്ച് തുടരെത്തുടരെ അറിയിപ്പ് ഉണ്ടായെങ്കിലും ഒരു മണിക്കൂറോളം സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ തിക്കിനും തിരക്കിനുമിടെ ഉമ്മന്‍ ചാണ്ടി കാല്‍ തെറ്റി വീഴുകയും ചെയ്തു.
എന്നാല്‍ ആലുവ സ്റ്റേഷനിലേക്ക് പ്രവര്‍ത്തകരാരും തന്നെ എത്തരുത് എന്ന് നിർദേശിച്ചിരുന്നതായി നേതാക്കൾ അവകാശപ്പെടുന്നു. ആളുകൾ കയറിയപ്പോൾ എസ്കലേറ്റർ നിർത്തിയതാണെന്നും യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.