എംബിബിഎസ് പരീക്ഷാഫലം സ്വകാര്യ വെബ്‌സൈറ്റില്‍; ചോര്‍ത്തിയെന്ന് പരാതി; സൈബര്‍ സെല്ലിന് ആരോഗ്യ സര്‍വ്വകലാശാല പരാതി നല്‍കി

എംബിബിഎസ് പരീക്ഷാഫലം ചോര്‍ന്നു. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചത്. സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വെബ്‌സൈറ്റിലാണ് പരീക്ഷാഫലം വന്നത്. എംബിബിഎസ് പരീക്ഷാഫലം ചോര്‍ത്തിയെന്ന് കാണിച്ച് ആരോഗ്യ സര്‍വ്വകലാശാല സൈബര്‍ സെല്ലിന് പരാതി നല്‍കി.
ഫലം ചോര്‍ന്നതായി കണ്ടതോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെകെ ശൈലജയ്ക്കും പരാതി നല്‍കിയിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുകയും പരീക്ഷയില്‍ മെഡിക്കല്‍ കോളജിനു വന്‍ വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തുവന്നത്.
പരീക്ഷ ചോദ്യ പേപ്പറുകളും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വിജയശതമാനം വലിയ തോതില്‍ ഉയരുന്നത് ഇങ്ങനെയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

© 2024 Live Kerala News. All Rights Reserved.