സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ‘മരിച്ച’വരുടെ പട്ടികയിലുളളയാള്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി; വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്ന് അമ്മദ് കുഞ്ഞി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ മരിച്ചുപോയെന്ന് കാണിച്ചവരുടെ പട്ടികയിലുളളയാള്‍ ഹൈക്കോടതിയില്‍ ഹാജരായി. മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞിയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്‌തെന്നും കോടതിയെ അറിയിച്ചത്. അബ്ദുള്‍ റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് അമ്മദ് കുഞ്ഞി മരിച്ചുപോയതാണെന്നും ഇയാളുടെ പേരില്‍ വോട്ട് മറ്റാരോ ചെയ്തിട്ടുണ്ടെന്നും ആരോപിച്ചിരുന്നത്.
വിദേശത്തുളളവരുടെയും സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ഈ പട്ടികയനുസരിച്ച് 259 പേരെയാണ് കോടതി വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നോട്ടീസ് അയച്ചിട്ടുളളത്. വിദേശത്തായിട്ടും വോട്ട് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയിരുന്നു. ഇവരെയും കോടതി വിസ്തരിച്ചു. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ 20 പേരും വോട്ടിങ് ദിവസം വിദേശത്തായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണ പത്രിക നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.