കൊച്ചി മെട്രൊ: രണ്ടാം ഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍; ‘ഇനിയുളള നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തര്‍’

കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മെട്രൊ ഉദ്ഘാടനത്തിനായിട്ട് പൂര്‍ണമായും സജ്ജമായി. തന്നെ ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.

© 2024 Live Kerala News. All Rights Reserved.