സംസ്ഥാനത്ത് പകര്‍ച്ച പനി പടരുന്നു; ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു; പനി മരണം പതിമൂന്നായി

കോഴിക്കോട്: സംസ്ഥാനത്ത് പകര്‍ച്ചപ്പനി മരണം തുടരുന്നു. കോഴിക്കോട് കൂരാച്ചുണ്ടില്‍ ഇന്ന് രണ്ട് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. കൂരാച്ചുണ്ട് കാളങ്ങാരി ചെട്ടിാംതോടിയില്‍ ഹസീന,പാലക്കാട് മുതലമട സ്വദേശി ദീപ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി. കുരാച്ചുണ്ടില്‍ മാത്രം ഏഴുപേരാണ് പനി ബാധിച്ച് മരിച്ചത്. പനി പടരുന്ന ഇവിടെ നിന്നും ആളുകള്‍ വീടൊഴിഞ്ഞ് പോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂരാച്ചുണ്ട് പഞ്ചായത്ത് കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പനി ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപെടുമെന്നും സൗജന്യ റേഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കോഴിക്കോട് ജില്ലാകളക്ടര്‍ അറിയി്ച്ചു.
സംസ്ഥാനത്ത് ഇതുവരെ 30 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചുവെന്ന് സംശയിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 6340 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ മാത്രം ജില്ലയില്‍ 130 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 18496 പേര്‍ ഇന്നലെ സംസ്ഥാനത്താകെ പനിക്ക് ചികിത്സ തേടിയെന്നാണ് കണക്കുകള്‍.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ നിസാരമായ കാരണങ്ങള്‍ക്ക് അവധിയെടുക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.