ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുള്ള കോണ്‍ഗ്രസ് മുന്‍ മന്ത്രിയാര്?; വിവാദം കൊഴുക്കുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ആലപ്പുഴ: ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കോടികളുടെ കള്ളപ്പണം കണ്ടെത്തിയതിലൂടെ ചര്‍ച്ചയായ ശ്രീവത്സം ഗ്രൂപ്പിന് സഹായമൊരുക്കിയത് കോണ്‍ഗ്രസ് മുന്‍ മന്ത്രിയാണെന്ന ആരോപണമുയര്‍ത്തി സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്.
നാഗാലാന്‍ഡിലെ മുന്‍ അഡീഷണല്‍ എസ്പിയായിരുന്ന എംകെ രാജേന്ദ്രന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പ് വളരെ പെട്ടെന്നാണ് വലിയ വ്യവസായ സാമ്രാജ്യമായി മാറിയത്. ഹരിപ്പാട് അഞ്ച് വര്‍ഷം മുമ്പാണ് ഗ്രൂപ്പ് പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചത്. വന്‍ തോതില്‍ ഭൂമി കച്ചവടവും പ്രദേശത്ത് നടത്തിയിരുന്നു. സാധാരണ ഗുണ്ടകളെ ഉപയോഗിച്ചാണ് ഭൂമികച്ചവടം മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ പത്തിലേറെ ഇരട്ടി വില ഭൂമിക്ക് വാഗ്ദാനം ചെയ്താണ് ശ്രീവത്സം ഗ്രൂപ്പ് കച്ചവടം നടത്തിയിരുന്നത്. സെന്റിന് പരമാവധി അഞ്ച് ലക്ഷം രൂപ വില വരുന്ന സ്ഥലം രണ്ടര സെന്റിന് 1.25 കോടി രൂപ നല്‍കിയാണ് വാങ്ങിയത്. ഇത്തരം നിരവധി കച്ചവടങ്ങളാണ് പരിസര പ്രദേശങ്ങളില്‍ ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. ഗ്രൂപ്പിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് മുഴുവന്‍ സഹായമായി നിന്നത് കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുമാണെന്നാണ് സിപിഐ ആരോപിക്കുന്നത്. 400 കോടി രൂപയോളം ആസ്തി എംകെ രാജേന്ദ്രന്‍ പിള്ളയ്ക്കുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണക്കാക്കുന്നത്.

കോണ്‍ഗ്രസ് മുന്‍മന്ത്രിയാണ് ഗ്രൂപ്പിനെ സഹായിച്ചത് എന്ന പ്രചരണം സിപിഐ ആരംഭിച്ചതോടെ മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. സിബിഐയോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
ആദായ നികുതി വകപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെടുത്തി പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉന്നയിച്ചത്. സി.പി.ഐയുടെ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് യു.ഡി.എഫിനെതിരെ ആരോപണം ഉന്നിച്ചതെങ്കിലും അത് മാദ്ധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇക്കാര്യം സംബന്ധിച്ച സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. ഈ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ നീക്കാന്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.