തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകളെ നിഷേധിച്ച് ഫസലിന്റെ ഭാര്യ മറിയവും സഹോദരി റംലയും. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് സത്യസന്ധമെന്നും ഇവര്‍ വ്യക്തമാക്കുന്നു. സുബീഷിന് ഫസലിനെ അറിയില്ല എന്നാണ് പറഞ്ഞത്, ഇത് ശരിയാണെന്നാണ് തങ്ങളും കരുതുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ശത്രുതയും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ തയ്യാറാണെന്ന് സുബീഷ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കാവുന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും മറിയവും റംലയും പറയുന്നു. ഫസലിന് ഒരാളുമായിട്ടും ശത്രുതയൊന്നും ഉണ്ടായിരുന്നില്ല. തേജസിന്റെ പ്രവര്‍ത്തനങ്ങളുമായി നടക്കുകയായിരുന്നു. അതിനോടുളള വിരോധമാണ് സിപിഐഎമ്മിന് ഉണ്ടായിരുന്നതെന്നും ഭാര്യ മറിയം വിശദമാക്കുന്നു.
ഫസലിന്റെ കൊലപാതകത്തെ തുടര്‍ന്ന് സഹോദരന്മാര്‍ സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകളെ തളളിപ്പറയുകയാണ് ഉണ്ടായത്. അതേസമയം ഭാര്യയും ഫസലിന്റെ ഒരു സഹോദരിയും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നും വിശ്വസിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സുബീഷിന്റെ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ ഹാജരാക്കിയതും പുനരന്വേഷണം ആവശ്യപ്പെട്ടതും ഫസലിന്റെ സഹോദരനാണ്. പൊലീസ് തന്നെ അതിക്രൂരമായി മര്‍ദിച്ച് അവശനാക്കി നിര്‍ബന്ധപൂര്‍വം എടുത്തതാണ് പുറത്തുവന്ന വെളിപ്പെടുത്തലുകളെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഫസലിന്റെ ഭാര്യ മറിയം എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി കൈവട്ടം വാര്‍ഡില്‍ മത്സരിച്ചിരുന്നു.
കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പ്രത്യേക കോടതിയെ സമീപിച്ചത്. ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപാതക കേസുകളില്‍ പ്രതിയായ സുബീഷിന്റെ മൊഴി വിലക്കെടുക്കേണ്ടതില്ലെന്നും പ്രതികളായ സിപിഐഎം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്നും സിബിഐ വ്യക്തമാക്കിയപ്പോഴായിരുന്നു വീഡിയോകളും ഓഡിയോകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി നല്‍കിയ ഫസലിന്റെ സഹോദരന്‍ സംഭാഷണത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇത് വിവാദമായതോടെയാണ് സുബീഷ് മൊഴികള്‍ നിഷേധിച്ച് രംഗത്തെത്തിയത്.