‘നിരാഹാരം നിര്‍ത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു’; കര്‍ഷക സമരം തുടരുന്നതിനിടെ ബിജെപി മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നു

മധ്യപ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ സമരം ചെയ്ത ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരംഭിച്ച നിരാഹാര സമരം ഇന്നവസനാപ്പിക്കും എന്ന് സൂചന. ശനിയാഴ്ച്ച താനുമായി കൂടിക്കാഴ്ച്ച നടത്തിയ കര്‍ഷകരുടെ കുടുംബങ്ങള്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെട്ട പ്രകാരം ഉടന്‍ തന്നെ അവരുടെ ഗ്രാമം സന്ദര്‍ശിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സംഘാര്‍ഷവസ്ഥ ഇല്ലാതാകുന്നതുവരെ താന്‍ നിരാഹാര സമരം തുടരുമെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് നിരാഹാര സമരം ഒരു ദിവസം പിന്നിടുന്നതിനു മുന്‍പ് ബിജെപി മുഖ്യമന്ത്രി അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ശനിയാഴ്ച്ച ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച്ച നടത്തിയ കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ലാഭകരമായ വിലയ്ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കും, വായ്പയുടെ പലിശ ഇളവ് ചെയ്യും എന്നിവയാണ് ചൗഹാന്‍ നല്‍കിയ ഉറപ്പ്. താനുമൊരു കര്‍ഷകനായിരുന്നു അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

കാര്‍ഷിക കടശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണം, കാര്‍ഷിക ഉത്പന്നങ്ങള്‍ ന്യായവില ലഭിക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ കര്‍ഷക സമരത്തിനു നേരെയുള്ള വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി മധ്യപ്രദേശില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ പൊലീസ് കര്‍ഷകര്‍ക്കു നേരെ വെടിയുതിര്‍ത്തിട്ട് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന നിരാഹാര സമരം നാടകമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.