നാദാപുരത്ത് സിപിഐഎമ്മിന്റെ വായനശാലക്ക് തീയിട്ടു; പിന്നില്‍ ആര്‍എസ്എസെന്ന് പരാതി; പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

കോഴിക്കോട്: സിപിഐഎം-ബിജെപി, ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. സിപിഐഎമ്മിന്റെ വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. നാദാപുരം ഇരിങ്ങന്നൂരിലെ സിപിഐഎം ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന് തീയിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ നാദാപുരം-തലശേരി റോഡ് ഉപരോധിച്ചു.
വായനശാല തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇതിന് മുന്‍പും ഇത്തരത്തില്‍ വായനശാലകള്‍ അവര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സിപിഐഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കുരുക്ഷേത്ര പുസ്തകശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഐഎം ആണെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. മലപ്പുറം ജില്ലയിലെ തലൂക്കരയിലെ എകെജി സ്മാരക വായനശാലയും നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചിരുന്നു.
തുടര്‍ന്ന് സോഷ്യല്‍മീഡിയ ക്യാംപെയ്ന്‍ വഴി പുസ്തകങ്ങള്‍ ശേഖരിച്ച് കൈമാറുകയും വായനശാല പുനര്‍നിര്‍മ്മിക്കുകയും ചെയ്തിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെ, പലയിടത്തും ബിജെപി, ആര്‍എസ്എസ് ഓഫീസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍.

© 2024 Live Kerala News. All Rights Reserved.