തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരള കോണ്‍ഗ്രസെന്ന് കെ എം മാണി; വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവ് തട്ടിയെന്ന് പരിഹാസം; ‘ഉപദേശമൊക്കെ കോണ്‍ഗ്രസിനോട് മതി’

പാല: കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെഎം മാണിയെന്ന കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മാണി. അടുത്ത കാലത്ത് വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇളവ് തട്ടിയിട്ടുണ്ടെന്നും അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരള കോണ്‍ഗ്രസ് എന്നുമാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ പരിഹാസം. വീക്ഷണം ഞങ്ങളെ ഉപദേശിക്കേണ്ട, കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്നും മാണി പറഞ്ഞു. താന്‍ ആരേയും ചതിച്ചിട്ടില്ലെന്നും പാലായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെഎം മാണി പറഞ്ഞു.
മുന്നണിയിൽ ഇല്ലാത്ത പാർട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെന്നതിൽ എന്തു ചതിയാണുള്ളതെന്നും മാണി തിരിച്ചടിച്ചു. കോട്ടയം ജില്ലാപഞ്ചായത്തിലെ പരാജയം ഡിസിസി വിലകൊടുത്തു വാങ്ങിയതാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് മാണി പറഞ്ഞു. സാധാരണ ഗതിയിലാണെങ്കിൽ പിന്തുണ നൽകുമായിരുന്നു. എന്നാൽ ഡിസിസി പ്രതികരണം മോശമായതിനാലാണ് അത്തരത്തിൽ മറുപടി നൽകിയത്. അതിനെതിരെ അഭിമാനമുള്ള കേരള കോൺഗ്രസ് പ്രവർത്തകർ പ്രതികരിക്കുകയായിരുന്നു. പ്രാദേശികമായി സഹകരിച്ചു മുന്നോട്ടു പോകാമെന്ന് കരാറുണ്ടാക്കിയിട്ടില്ലെന്നും കെഎം മാണി പറഞ്ഞു.
കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ലെന്നും കേരള കോൺഗ്രസിനു ശക്തിയുണ്ടെങ്കിൽ തങ്ങളുമായി കൂട്ടു കൂടാൻ ആളുവരുമെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് ശക്തിയുള്ള പാർട്ടിയാണ്. സ്വന്തം കാലിൽ നിൽക്കുന്ന പാർട്ടിയാണ്. 1965, 1967, 1970 തുടങ്ങിയ വർഷങ്ങളിൽ ഇത്തരത്തിൽ ശക്തി തെളിയിച്ചിട്ടുണ്ടെന്നും കേരള രാഷ്ട്രീയത്തിൽ അസ്തിത്വമുള്ള രാഷ്ട്രീയകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു വരുമ്പോൾ ഞങ്ങൾക്കും കൂട്ടാളിയുണ്ടാകും. യുഡിഎഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോൺഗ്രസിനില്ലെന്നും മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി തിരിച്ചടിച്ചു.
‘മാണി എന്ന മാരണം’ എന്ന പേരിലാണ് വീക്ഷണം മുഖപ്രസംഗത്തില്‍ മാണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കെ.എം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടം മാത്രമാണ്, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ് എന്നിങ്ങനെ കടുത്ത ആരോപണങ്ങളാണ് വീക്ഷണം ഉന്നയിച്ചത്. യുഡിഎഫിനകത്ത് നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ കെ. എം മാണി ശ്രമിച്ചെന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് കെ.എം മാണിയുടെതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകും. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെ.എം മാണിയെന്നും എഡിറ്റോറിയലില്‍ പറയുന്നു.കെ.എം.മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ട്.
മാണിക്കുവേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ല. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് അദ്ദേഹത്തിന്റേത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ അകത്തുണ്ട്. കെ.എം.മാണിക്ക് രാഷ്ട്രീയമെന്നത് എക്കാലത്തും കച്ചവടമാണ്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയ നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹമെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.