‘എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം’; ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി കെ. സുരേന്ദ്രന്‍

പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്.
എന്താണ് അവര്‍ക്ക് ഈ കേസിലുളള താത്പര്യമെന്നും അവരെ ഫസല്‍ വധക്കേസ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ ഓഡിയോയും വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. സിപിഐഎം അല്ല, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്നാണ് സുബീഷിന്റെ വെളിപ്പെടുത്തലുകളുടെ രത്‌നച്ചുരുക്കം. പടുവിലായി മോഹനന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് സുബീഷിനെ പൊലീസ് പിടികൂടിയത്.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സുബീഷ് ഫസല്‍ വധക്കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതും. ഇതുമായി ബന്ധപ്പെട്ട ഓഡിയോ വീഡിയോ ടേപ്പുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം എത്തി സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് കുറ്റസമ്മതം നിഷേധിച്ചിരുന്നു. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഉള്‍പ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് താന്‍ അത്തരത്തില്‍ മൊഴി നല്‍കിയതെന്നായിരുന്നു സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കിയത്.

© 2024 Live Kerala News. All Rights Reserved.