ഫസല്‍ വധം: ആര്‍എസ്എസ് കൊലയാളിയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സമര്‍പ്പിച്ചു; ഹാജരാക്കിയത് സഹോദരന്‍ സത്താര്‍

തലശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകളുടെ ഓഡിയോ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ ഫോണ്‍ സംഭാഷണത്തിന്‍റെ ടേപ്പുകളാണ് ഫസലിന്റെ സഹോദരന്‍ സത്താര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു. 2016 ഡിസംബര്‍ 13ന് ഇതിന്റെ വിശദാംശങ്ങള്‍ സൗത്ത് ലൈവ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങളടങ്ങിയ ഓഡിയോ ക്ലിപ്പാണ് കോടതിയില്‍ നല്‍കിയത്.

കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പ്രത്യേക കോടതിയെ സമീപിച്ചത്. ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.