കേരള ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ രോഹിത്ത് വെമുല, കശ്മീര്‍, ജെഎന്‍യു ചിത്രങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്; രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിലക്ക്. രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്നും എന്നാല്‍ ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ ചുരുങ്ങിയ ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ അതിനുള്ളില്‍ മറിച്ചൊരു തീരുമാനത്തിന് സാധ്യത കുറവാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
രോഹിത്ത് വെമുലയെക്കുറിച്ചുള്ള ‘അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നെസ്’, കശ്മീര്‍ വിഷയം പറയുന്ന ‘ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിനാര്‍’, ജെഎന്‍യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതില്‍ രണ്ടെണ്ണം മത്സരവിഭാഗത്തിലും ഒരെണ്ണം ‘ഫോക്കസ്’ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്.

© 2024 Live Kerala News. All Rights Reserved.