ബീഫ് കഴിച്ചതിന് മലയാളി വിദ്യാര്‍ത്ഥിക്ക് എബിവിപിയുടെ മര്‍ദ്ദനമേറ്റ സംഭവം; മദ്രാസ് ഹൈക്കോടതി ഇടപെട്ടു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളി വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി ഇടപെട്ടു.
ബീഫ് കഴിച്ചതിന് ആര്‍ സൂരജ് എന്ന ഗവേഷകവിദ്യാര്‍ത്ഥിയ്ക്ക് എബിവിപിയുടെ മര്‍ദ്ദനമേറ്റ കേസില്‍ അന്വേഷണപുരോഗതി തിങ്കളാഴ്ച്ചയ്ക്കകം അറിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കാനും മദ്രാസ് ഹൈക്കോടതി ചെന്നൈ സിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍ മഹാദേവന്റേതായിരുന്നു വാക്കാലുള്ള ഉത്തരവ്. സംഭവത്തില്‍ നീതി പൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ ജയകുമാര്‍, കെ സ്വാമിനാഥന്‍ എന്നിവര്‍ നല്‍കി ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കേസ് ഈ മാസം 18ന് പരിഗണിക്കും. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ വലതുകണ്ണിന് ഗുരുതര പരുക്കേറ്റ സൂരജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. സൂരജിന് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണുണ്ടായതെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. സൂരജിന്റെ കണ്ണ് ശസ്ത്രിക്രിയ ചെയ്യാന്‍ രണ്ടര ലക്ഷത്തിലധികം രൂപ ചെലവ് വന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.