ബിജെപിയുടെ രാജസ്ഥാനില്‍ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ആര്‍എസ്എസ് മുഖം; സവര്‍ക്കറെ മഹത്വവല്‍ക്കരിച്ച് അധ്യായങ്ങള്‍; ഗാന്ധിജിയേയും നെഹ്റുവിനെയും മൂന്ന് കോളത്തില്‍ ഒതുക്കി

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഈ വര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളിറങ്ങിയത് ആര്‍എസ്എസ് മുഖവുമായി. മഹാത്മാഗാന്ധിയേക്കാളും ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാളും പ്രാധാന്യം സവര്‍ക്കറിനു നല്‍കിയാണ് പാഠപുസ്തകങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സവര്‍ക്കറെ വീരനും വിപ്ലവനായകനുമായാണ് പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ അവതിരിപ്പിച്ചിരിക്കുന്നത്. വിഡി സവര്‍ക്കര്‍ മികച്ച രാജ്യസ്‌നേഹിയായിരുന്നു, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സവര്‍ക്കര്‍ ചെയ്ത ത്യാഗങ്ങള്‍ വാക്കുകള്‍ക്കപ്പുറത്താണെന്നും പാഠപുസ്തകം പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളെല്ലാം സമ്പന്നമായ മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുവന്ന മിതവാദികളായിരുന്നു. ഇവര്‍ക്ക് സാധാരണജനങ്ങളുമായി ബന്ധമില്ലായിരുന്നു എന്നും പുതുക്കിയ സാമൂഹ്യ പാഠപുസ്തകത്തിലെ അധ്യായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും വിദേശഭരണത്തിന് തിരശ്ശീല വീഴുന്നത് രാജ്യത്ത് നിയമം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നെന്നും പത്താം ക്ലാസിലെ പാഠഭാഗത്തില്‍ പറയുന്നു. നിസഹകരണപ്രസ്ഥാനത്തെക്കുറിച്ചും ക്വറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുമുള്ള ഭാഗങ്ങളില്‍ ഗാന്ധിജിയെക്കുറിച്ച് ഉപരിപ്ലവമായി പറഞ്ഞു പോകുക മാത്രമാണ് ചെയ്യുന്നത്. പുതുക്കിയ 10,11, 12ാം ക്ലാസുകളിലെ പുസ്തകത്തില്‍ നിലവിലെ ചര്‍ച്ചാവിഷയങ്ങളായ ഏക സിവില്‍ കോഡ്, ഹിന്ദി ഭാഷ, പാകിസ്താനെ അടിസ്ഥാനമാക്കിയുള്ള നരേന്ദ്ര മോഡിയുടെ വിദേശ പോളിസികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ കഴിഞ്ഞവര്‍ഷം ഒഴിവാക്കിയിരുന്നു. നെഹ്‌റുവിനെക്കുറിച്ച് വിശദമായി ഒമ്പതാം ക്ലാസില്‍ പഠിക്കാനുണ്ടെന്നും എല്ലാ പാഠത്തിലും ഒരേ നായകനെ ഉള്‍പ്പെടുത്താനാവില്ലെന്നു ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനത്തിന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി മറുപടി നല്‍കി.പാഠഭാഗങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ചരിത്രത്തെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തി.

© 2024 Live Kerala News. All Rights Reserved.