മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് ഹൈക്കോടതിയില്‍ മൊഴി; സുരേന്ദ്രന്റെ സാധ്യതകള്‍ തെളിയുന്നുവോ? കളളവോട്ട് നടന്നെന്നതിന് കൂടുതല്‍ തെളിവുകള്‍

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി. കൂടാതെ ഇത്തരം മൊഴികളെ സാധുകരിക്കാവുന്ന മറ്റ് തെളിവുകളും ഹൈക്കോടതി മുന്‍പാകെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഹാജരാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നെന്ന് കാട്ടി നല്‍കിയ ഹര്‍ജിയിലാണ് തുടര്‍നടപടികള്‍ അതിവേഗം നീങ്ങുന്നത്. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ കളളവോട്ടുകള്‍ നടന്നെന്ന് ആരോപിച്ചുളള വിശദാംശങ്ങളും കോടതിയില്‍ സുരേന്ദ്രന്‍ എത്തിച്ചു.
2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യോവര്‍ സ്വദേശി യുഎ മുഹമ്മദ് 2016 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തിയെന്ന് റിട്ടേണിങ് ഓഫിസറായ പി.എച്ച് സിനാജുദ്ദീന്‍ നേരിട്ടെത്തി മൊഴി നല്‍കി. ഇതോടെ മണ്ഡലത്തിലെ വോട്ടര്‍മാരെ വിളിച്ചുവരുത്തി വീശദീകരണം തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. പത്തുപേര്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു. രണ്ടുപേര്‍ ഇന്നലെ ഹാജരാകുകയും വോട്ട് ചെയ്തിട്ടില്ല എന്നറിയിക്കുകയും ചെയ്തു. ഭീഷണി മൂലം നാലുപേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ സാധിച്ചില്ലെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മണ്ഡലത്തില്‍ 259 പേര്‍ കളളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ നേരത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സമന്‍സ് അയക്കാനും വിചാരണക്കായി കോടതിയില്‍ എത്താനും നിര്‍ദേശിച്ചിരുന്നു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കാനോ, സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ റസാഖിനോട് തോറ്റത്.

© 2024 Live Kerala News. All Rights Reserved.