സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; ഇരുവരും പോക്‌സോ കേസുകളിലെ ഇരകള്‍

കൊല്ലം: സാമൂഹികക്ഷേമവകുപ്പിന്റെ കീഴിലുള്ള അഞ്ചാലുംമൂട് സംരക്ഷണകേന്ദ്രത്തിലെ അന്തേവാസികളായി രണ്ട് ദളിത് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കരുനാഗപ്പള്ളി സ്വദേശിനിയായ 17കാരിയായ വിദ്യാര്‍ത്ഥിനിയും കിളികൊല്ലൂര്‍ സ്വദേശിനിയായ 15കാരിയും ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ച അഞ്ച് മണിയോടെ ഇരുവരെയും സ്‌റ്റെയര്‍ കേസിന്റെ കൈവരിയില്‍ കയറില്‍ തൂങ്ങി നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്‌കോ കേസുകളിലെ ഇരകളായിരുന്നു ഇരുവരും. ഒരാള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു കിളികൊല്ലൂര്‍ സ്വദേശിനി. ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. വീട് സുരക്ഷിതമല്ലെന്ന് കണ്ട് ശിശുക്ഷേമ സമിതിയാണ് ഇരുവരെയും ആഫ്റ്റര്‍ കെയര്‍ ഹോമിലെത്തിച്ചത്. ഒരാള്‍ അഞ്ച് മാസം മുമ്പും മറ്റേയാള്‍ ഒരു മാസം മുമ്പുമാണ് ഇവിടെയെത്തിയത്. ഇരുവരുടെയും അമ്മമാര്‍ കാണാന്‍ എത്താറുണ്ടായിരുന്നു.

പുനരധിവാസ കേന്ദ്രത്തില്‍ 85 വിദ്യാര്‍ത്ഥിനികളാണ് താമസിക്കുന്നത്. 21 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇവിടെ സംരക്ഷണം നല്‍കുന്നത്. ചുമതലക്കാരിയായ സൂപ്രണ്ട് ഷൈനി അവധിയിലായിരുന്നു. ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിദ്യാര്‍ത്ഥിനികളുടെ മരണം സംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

© 2024 Live Kerala News. All Rights Reserved.