യെച്ചൂരിയെ ആക്രമിച്ചവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; ഹിന്ദുസേനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകള്‍ മാത്രം

ന്യൂ ഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചു. നിസാര വകുപ്പുകള്‍ മാത്രമാണ് എകെജി ഭവനില്‍ കയറി യെച്ചൂരിയെ കയ്യേറ്റം ചെയ്ത ഹിന്ദുസേനാ പ്രവര്‍ത്തകര്‍ക്കെതിരെ ചാര്‍ത്തിയത്. ഹിന്ദുസേന പ്രവര്‍ത്തകര്‍ യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ ഹിന്ദുസേന പ്രവര്‍ത്തകരല്ലെന്നും അനുഭാവികള്‍ മാത്രമാണെന്നും ചാര്‍ജ് ഷീറ്റിലുണ്ട്. ഇതിന് പിന്നാലെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചത്.
അതേസമയം പൊലീസ് നടപടിയില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നാണ് ഇതിനെക്കുറിച്ചുളള യെച്ചൂരിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ഡല്‍ഹി പൊലീസ്.ആക്രമണം നടത്തിയവര്‍ക്ക് ഇവരുമായുളള ബന്ധം വ്യക്തമാണല്ലോ. ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാകുന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുകയാണ്.

© 2024 Live Kerala News. All Rights Reserved.