യെച്ചൂരിയെ രാജ്യതലസ്ഥാനത്ത് ഹിന്ദുസേന ആക്രമിച്ചത് ഉള്‍പേജിലൊതുക്കി ദേശീയ മാധ്യമങ്ങള്‍

ഡല്‍ഹി എകെജി ഭവനില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തിനിടെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാം യെച്ചൂരിയെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്ത എല്ലാ ഇംഗ്ലീഷ് പത്രങ്ങളും അകത്തെ പേജില്‍ ഒതുക്കി. ഇന്ന് പുറത്തിറങ്ങിയ പ്രമുഖ ദേശീയ പത്രങ്ങളുടെ ഡല്‍ഹി എഡിഷനുകളില്‍ പോലും യെച്ചൂരിക്കെതിരെയുളള ആക്രമണം ഒന്നാം പേജ് വാര്‍ത്തയായില്ല. അതേസമയം എല്ലാ മലയാള പത്രങ്ങളുടെയും എല്ലാ എഡിഷനുകളിലും ഒന്നാം പേജ് വാര്‍ത്തയും ലീഡുമാണ് ഹിന്ദുസേനയുടെ ആക്രമണം.
ടൈംസ് ഓഫ് ഇന്ത്യ, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാന്‍ ടൈസ്, ദ ഇന്ത്യന്‍ എക്സ്പ്രസ് എന്നിങ്ങനെയുളള മുന്‍നിര പത്രങ്ങളിലാണ് വാര്‍ത്ത ഉള്‍പ്പേജിലൊതുക്കിയത്. ഇന്നലെ വൈകീട്ട് നടന്ന സംഭവത്തെ, ടൈംസ് ഓഫ് ഇന്ത്യ ഒന്‍പതാം പേജില്‍ മൂന്ന് കോളം വാര്‍ത്തയില്‍ ഒതുക്കി. സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും അക്രമികള്‍ ആര്‍എസ്എസാണെന്ന് ഇടത് പക്ഷം ആരോപിക്കുന്നു എന്നുമാണ് തലക്കെട്ട്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ കേരളാ എഡിഷനില്‍ ഒന്നാം പേജ് വാര്‍ത്തയായാണ് സംഭവം നല്‍കിയിരിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മൂന്നാമത്തെ പേജിലായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്തസമ്മേളനം ഹിന്ദു സേനാ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി എന്നാണ് തലക്കെട്ട്. ദ ഹിന്ദു പത്രത്തില്‍ ദേശീയ പേജിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. രണ്ട് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ തടസ്സപ്പെടുത്തി എന്നാണ് തലക്കെട്ട്. കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന ടെലഗ്രാഫിലും യെച്ചൂരിയെ ആക്രമിച്ചത് ഏഴാം പേജിലെ വാര്‍ത്ത മാത്രമായിട്ടാണ് കൊടുത്തിരിക്കുന്നത്.

ദ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒമ്പതാമത്തെ പേജിലാണ് യെച്ചൂരിയെ ആക്രമിച്ച വാര്‍ത്തയുളളത്. യെച്ചൂരിയുടെ പ്രതികരണവും തിരുവനന്തപുരത്ത് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടതും അനുബന്ധ വാര്‍ത്തയായി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മലയാള മനോരമയും ചന്ദ്രികയും അടക്കമുളള മാധ്യമങ്ങള്‍ക്ക് യെച്ചൂരി ആക്രമിക്കപ്പെട്ടത് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിക്കെതിരെ രാജ്യതലസ്ഥാനത്ത് വെച്ച് നടന്ന ആക്രമണം ഹിന്ദു ദിനപത്രത്തിന്റെ ഉള്‍പ്പേജില്‍ ഒതുങ്ങിപ്പോയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.