പെട്രോള്‍ ഡീസല്‍ വില ഇനി ദിവസവും മാറും; ഈ മാസം 16 മുതല്‍ നടപ്പാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ഇന്ധന വില എല്ലാ ദിവസവും പുതുക്കാന്‍ തീരുമാനം. ജൂണ്‍ പതിനാറ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ അഞ്ച് നഗരങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നു.
മെയ് ഒന്നു മുതല്‍ ഇത് പോണ്ടിച്ചേരി, വിശാഘപട്ടണം, ജംഷഡ്പ്പൂര്‍, ചണ്ഡീഗണ്ഡ്, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദിനം പ്രതി എണ്ണ വില പുതുക്കി നിശ്ചയിച്ചിരുന്നു.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ തീരുമാനം. രാജ്യത്തെ 53000 ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ദിനം പ്രതി വില നിശ്ചയിക്കുന്നത് തടസ്സമാകില്ലന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍.
രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ വില പുതുക്കുന്നത്. പ്രധാന ആഗോള വിപണികളിലെതല്ലാം തന്നെ എണ്ണ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുളളത്. എണ്ണവില ദിവസവും പരിഷ്‌കരിക്കുന്നത് കറന്‍സി മൂല്യത്തിലും, ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വിലയിലുമുണ്ടാകുന്ന ഏറ്റകുറച്ചിലും മൂലം എണ്ണകമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ 90ശതമാനം വിപണിയും കയ്യടക്കിവെച്ചിരിക്കുന്നത് പൊതുമേഖലാ എണ്ണ കമ്പനികളാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്കാണ് ഇന്ത്യന്‍ എണ്ണ വിപണിയില്‍ മേധാവിത്തം.

© 2024 Live Kerala News. All Rights Reserved.