കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; ഇടക്കാല ഉത്തരവില്ല, വിശദമായി വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഇടക്കാല ഉത്തരവ് ഇല്ലെന്നും എന്നാല്‍ കേസില്‍ വിശദമായി വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരായ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരുടെ വാദം മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ഉത്തരവ് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കേസ് വിശദമായി അടുത്ത മാസം 26ന് പരിഗണിക്കാന്‍ മാറ്റിവെച്ചു.
കച്ചവടക്കാര്‍ നല്‍കിയ ഹര്‍ജികളാണ് മുഖവിലയ്‌ക്കെടുന്നുവെന്നും ആശങ്കകള്‍ പരിഹരിക്കാന്‍ വിശദമായി വാദം കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചത്.
കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ അപേക്ഷിച്ചിരുന്നു. കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലി വില്‍പനയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറച്ചി വില്‍ക്കുന്നതിനോ കശാപ്പിനോ നിരോധനമില്ല, അതിനാല്‍ കന്നുകാലി കടത്ത് നിയന്ത്രണ ഉത്തരവ് സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തില്‍ ഹൈക്കോടതി വ്യക്തത വരുത്തിയിരുന്നു. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. കഴിക്കരുതെന്നോ കൊല്ലരുതെന്നോ വില്‍ക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ല.

© 2024 Live Kerala News. All Rights Reserved.