മത്സരിക്കേണ്ടെന്ന് യെച്ചൂരിയോട് പോളിറ്റ്ബ്യൂറോ; ബംഗാളിന്റെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ട എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. കോണ്‍ഗ്രസ് പിന്തുണയോട് കൂടി യെച്ചൂരി മത്സരിക്കണ്ടെന്നാണ് പോളിറ്റ് ബ്യൂറോ നിലപാട്. രണ്ടു തവണ മത്സരിച്ചയാള്‍ വീണ്ടും മത്സരിക്കണ്ട എന്ന കീഴ്‌വഴക്കം മാറ്റേണ്ടതില്ലെ എന്നും സീതാറാം യെച്ചൂരി രണ്ട് പദവി വഹിക്കുന്ന സാഹചര്യം തുടരേണ്ടതില്ല എന്നും പിബി തീരുമാനിച്ചു. വേണമെങ്കില്‍ വിഷയം കേന്ദ്രകമ്മിറ്റിക്ക് ചര്‍ച്ച ചെയ്യാം എന്നും പിബി നിലപാടെടുത്തു.
സിപിഐഎം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. ജനറല്‍ സെക്രട്ടറി മല്‍സരിക്കുന്ന പതിവും പാര്‍ട്ടിയിലില്ല. ഇത് ലംഘിക്കരുതെന്നാണ് പിബി നിലപാട്. എന്നാല്‍ യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമെന്ന ശക്തമായ നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്.
സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒറ്റക്ക് നിന്ന് ജയിക്കാനാവില്ലെന്നതിനാല്‍ ഈ സാഹചര്യത്തിലാണ് സീറ്റ് കളയരുതെന്ന് ബംഗാള്‍ ഘടകം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്.

യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.

© 2024 Live Kerala News. All Rights Reserved.