ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയാല്‍ കടുത്ത ശിക്ഷയെന്ന് യുഎഇ; പ്രവാസികള്‍ക്കും ബാധകം

ഖത്തറിനെതിരായ നടപടികള്‍ സൗദി അടക്കമുളള രാഷ്ട്രങ്ങള്‍ കടുപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ക്കാണ് യുഎഇ അടക്കമുളള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. ഖത്തറിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും കനത്ത ശിക്ഷ ലഭിക്കുമെന്നാണ് ഖത്തറിലെ ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും യുഎഇ മുന്നറിയിപ്പ് നല്‍കുന്നു.
ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ പോസ്‌റ്റോ, കമന്റോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. യുഎഇയിലെ മലയാളികള്‍ അടക്കമുളളവര്‍ അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചു.
സൗദി അറേബ്യക്ക് പിന്നാലെ നിരവധി രാജ്യങ്ങളാണ് ഖത്തറിനെതിരെയുളള നടപടികളുമായി മുന്നോട്ടു പോകുന്നത്. ജോര്‍ദാനും മൗറിത്താനിയും ഖത്തറുമായുളള ബന്ധം വിച്ഛേദിച്ചു. സൗദിയിലുളള ഖത്തറിന്റെ ഓഫിസുകള്‍ അടച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സാവകാശമാണ് സൗദി നല്‍കിയിരിക്കുന്നത്. കൂടാതെ ഖത്തര്‍ മണി എക്‌സ്‌ചേഞ്ചുമായുളള ഇടപാട് നിര്‍ത്തിവെക്കാനും സൗദി ഉള്‍പ്പെടെ മൂന്നു രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.