പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രം വഴങ്ങുന്നു? കശാപ്പ് നിയന്ത്രണത്തിലെ പരാതികള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

രാജ്യമെങ്ങും കനത്ത പ്രതിഷേധം ഉയരുന്നതിനിടെ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതടക്കമുളള കേന്ദ്രവിജ്ഞാപനത്തില്‍ ഇളവ് വരുത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ല. വിജ്ഞാപനവുമായി ബന്ധപ്പെട്ട് ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ്. പരാതികള്‍ പരിശോധിച്ച് നടപടി എടുക്കും. മൃഗങ്ങളോടുളള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.
കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നാലാഴ്ചത്തേക്കാണ് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സെല്‍വ ഗോമതി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.