‘സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ ഇടപെടുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചെറുത്ത് തോല്‍പ്പിക്കണം’; ത്രിപുര മുഖ്യമന്ത്രിയ്ക്ക് മേഘാലയ മുഖ്യമന്ത്രിയുടെ കത്ത്

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് മേഘാല മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന് കത്തെഴുതി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് മുകുള്‍ സാംഗ്മ ത്രിപുര മുഖ്യമന്ത്രിക്ക് കത്തയച്ചത്.
മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയാനാണെന്ന വ്യജേന സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയാണെന്ന് മേഘാലയ മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. കന്നുകാലി വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തേണ്ടതായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടെ മേലില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് ശക്തമായി പ്രതിരോധിക്കണം. ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

ഭാരതീയ ജനതപാര്‍ട്ടിയുടെ സഖ്യ കക്ഷിയും മേഘാലയയിലെ മുഖ്യ പ്രതിപക്ഷവുമായ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിര രംഗത്ത് വന്നിട്ടുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തോട് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എന്‍പിപി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.