‘മുസ്ലീങ്ങളേറെ ഉണ്ടായിട്ടും ഐഎസിന് ഇന്ത്യയില്‍ സ്വാധീനമുണ്ടാക്കാനായില്ല’; എന്‍ഡിഎ സര്‍ക്കാരിന് ഭീകരവാദത്തെ ഫലപ്രദമായി നേരിടാനായെന്ന് രാജ്‌നാഥ് സിങ്

മുസ്ലീങ്ങള്‍ ഏറെ ഉണ്ടായിട്ടും ഇസ്‌ലാമിക് സ്‌റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എന്‍ഡിഎ സര്‍ക്കാരിന് ഫലപ്രദമായി ഭീകരവാദത്തെ ചെറുക്കാനായി. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനാലാണ് ഐഎസിന് രാജ്യത്ത് പിടിമുറുക്കാന്‍ സാധിക്കാത്തതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മോഡി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടമായാണ് ഐഎസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ എതിര്‍ക്കുന്നതില്‍ വിജയിച്ചത്. നരേന്ദ്രമോഡി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം.
ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വുള്ള 90 പേരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. 2014 മുതല്‍ കശ്മീരില്‍ 368ഓളം തീവ്രവാദികളെ വധിച്ചു. 2011-2013 കാലഘട്ടത്തില്‍ യുപിഎ ഗവണ്‍മെന്റിന് 239 പേരെ മാത്രമാണ് നിഷ്‌ക്രിയമാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തിയ മിന്നലാക്രമണത്തിനു ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റം 45 ശതമാനം കുറഞ്ഞു. ജനങ്ങള വിശ്വാസത്തിലെടുത്ത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കും. പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി 2000 കോടിയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതും രാജ്‌നാഥ് സിങ് ഓര്‍മ്മിപ്പിച്ചു.

വടക്ക് കിഴക്കന്‍ പ്രദേശത്തെ ഇടത് തീവ്രവാദത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതായും രാജ്‌നാഥ് സിങ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.