കൊച്ചി മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം റദ്ദാക്കി; കെഎംആര്‍എല്‍ ആലുവ എംഎല്‍എയെ ക്ഷണിക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം; മുഖ്യമന്ത്രി ചടങ്ങ് മാറ്റിവെച്ചു

കൊച്ചി മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു. കെഎംആര്‍എല്‍ യുഡിഎഫ് എംഎല്‍എമാരെ ചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അവസാന നിമിഷം മുഖ്യമന്ത്രി സോളാര്‍ പദ്ധതി ഉദ്ഘാടനം റദ്ദാക്കിയത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവരെ കെഎംആര്‍എല്‍ പദ്ധതി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് വിവാദമായിരുന്നു. എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പരിപാടി അവസാന നിമിഷം റദ്ദ് ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
പ്രതിഷേധവുമായി യുഡിഎഫ് നേതാക്കളും വാര്‍ഡ് കൗണ്‍സിലര്‍മാരും അടക്കം ജനപ്രതിനിധികളും രംഗത്ത് വന്നിരുന്നു. വളരെ പെട്ടെന്ന് തീരുമാനിച്ച ചടങ്ങായിരുന്നുവെന്നും അതിനാലാണ് എംഎല്‍എമാരെ അടക്കം പലരേയും ക്ഷണിക്കാതിരുന്നതെന്നും വലിയ ചടങ്ങായി നടത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നുമാണ് കെഎംആര്‍എലിന്റെ വിശദീകരണം.
കേരളത്തിന്റെ മോട്രോ മന്ത്രി കൂടിയായ മുഖ്യമന്ത്രി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് എത്തിയതെന്നും അല്ലാതെ വലിയൊരു ചടങ്ങോ ഉദ്ഘാടനമോ തീരുമാനിച്ചിരുന്നില്ലെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോയിലെ ആദ്യയാത്ര കഴിഞ്ഞാണ് മുഖ്യമന്ത്രി സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ യാത്രക്ക് ശേഷം കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി തിരിച്ചുപോരുകയായിരുന്നു. ഉദ്ഘാടനം മാറ്റിവെച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.