‘ഇന്ത്യന്‍ ക്രിക്കറ്റ് ചീഞ്ഞുനാറുന്നു’; ദ്രാവിഡിനും ധോണിയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ധോണി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവര്‍ക്കെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിന് മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെതിരെയും ആണ് ഗുഹ തുറന്നടിക്കുന്നത്. ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇക്കാര്യമുളളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ബിസിസിഐ എ ഗ്രേഡ് താരത്തിനുള്ള ശമ്പളം നല്‍കുന്നത് ശരിയാണോയെന്ന് ഗുഹ ചോദിക്കുന്നു. സൂപ്പര്‍ താരങ്ങളെ ഭയപ്പെട്ടുകൊണ്ടുളള തീരുമാനങ്ങളാണ് ബിസിസിഐയില്‍ നിന്നും ഉണ്ടാകുന്നതെന്നും ഗുഹ ആരോപിക്കുന്നു.
‘ഇന്ത്യന്‍ ടീമംഗങ്ങളുമായി ബി.സി.സി.ഐ ഉണ്ടാക്കുന്ന കരാറില്‍ പോലും സൂപ്പര്‍താര സിന്‍ഡ്രോം ബാധിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ധോണിക്ക് എങ്ങനെ എ ഗ്രേഡ് താരത്തിന്റെ ശമ്പളം ലഭിക്കും. ടെസ്റ്റില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് ധോനി. എന്നിട്ടും അദ്ദേഹത്തെ എ ഗ്രേഡ് താരങ്ങളുടെ കരാര്‍ പട്ടികയിലാണ് ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്” കത്തില്‍ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറെയും ഗുഹ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറുടെ റോള്‍ ചോദ്യം ചെയ്യുന്ന ഗുഹ ഗവാസ്‌ക്കറിന്റെ പ്ലെയര്‍ മാനേജ്‌മെന്റ് കമ്പനി കൈകാര്യം ചെയ്യുന്നത് ശിഖര്‍ ധവാനാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഗുഹ മടികാണിക്കുന്നില്ല. ഇന്ത്യന്‍ ടീമുമായി കരാറുള്ള ഒരു താരം ഐ.പി.എല്‍ ടീമിന്റെ പരിശീലകന്‍ കൂടി ആകുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ഗുഹ കത്തില്‍ സൂചിപ്പിക്കുന്നത്.
”ബിസിസിഐയുടെ അശ്രദ്ധയാണ് ഇതിനെല്ലാം കാരണം. ദ്രാവിഡ് ഐപിഎല്‍ ടീമിനെയും ഇന്ത്യന്‍ ടീമിനെയും ഒരുപോലെ സേവിക്കുന്നത് നിയമപരമായി തെറ്റൊന്നുമില്ലായിരിക്കാം. പക്ഷേ മൂല്യാധിഷ്ടിതമല്ലാത്ത കാര്യമാണ് ദ്രാവിഡ് ചെയ്യുന്നത്. ടീം സ്പിരിറ്റിനും എതിരാണിത്. പരിശീലകര്‍ക്കെല്ലാം നെഞ്ചെരിച്ചിലുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ താത്പര്യത്തിന് എതിരാണ് ദ്രാവിഡ് ചെയ്യുന്നത്” ഗുഹ വ്യക്തമാക്കി.
ബിസിസിഐ കുംബ്ലെയെ കൈകാര്യം ചെയ്യുന്ന രീതിയേയും ഗുഹ വിമര്‍ശിക്കുന്നു. കുംബ്ലെയുടെ കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബി.സി.സി.ഐ ഇടപെട്ട രീതി ശരിയില്ലെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിന്റെ ക്രെഡിറ്റ് കളിക്കാര്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ കുറച്ചെങ്കിലും പരിശീലകനും സപ്പോര്‍ട്ടിങ് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും ഗുഹ ചൂണ്ടികാണിക്കുന്നു. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ കുംബ്ലെയുടെ പരിശീലന കരാര്‍ നീട്ടുകയാണ് ബി.സി.സി.ഐ ചെയ്യേണ്ടതൈന്നും ഗുഹയുടെ കത്തില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.