ചെങ്കല്‍ചൂളയില്‍ ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം; ക്രിസ്തീയ മതമേലധ്യക്ഷന്‍മാരുമായി കൂടികാഴ്ച; ന്യൂനപക്ഷ പ്രീണന പരിപാടികളുമായി അമിത്ഷാ കേരളത്തില്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ന്യൂനപക്ഷ പ്രീണന പരിപാടികളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എന്‍ഡിഎ ഘടകകക്ഷി നേതാക്കളും അമിത്ഷായെ സ്വീകരിക്കാനെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഉച്ചക്ക് ശേഷം എന്‍ഡിഎ നേതാക്കളുമായും കൂടികാഴ്ച നടത്തും. ക്രിസ്തീയ മത മേലധ്യക്ഷന്‍മാരുമായു അമിത്ഷാ കൂടികാഴ്ച നടത്തുന്നുണ്ട്.
ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുളള ശ്രമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ബിജെപി നടത്തുന്നത്. തിരുവനന്തപുരം ചെങ്കല്‍ ചൂളയില്‍ ദളിതര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള അമിത്ഷായുടെ തീരുമാനം ഇതിന്റെ ഭാഗമാണ്.
കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും ബിജെപി അരങ്ങൊരുക്കുന്നുണ്ട്. അമിത് ഷാ സഭയുടെ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ചാണ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും ബിജെപി കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ബിഷപ്പ് ഹൗസുകളില്‍ പോയി മെത്രാന്മാരെ ക്ഷണിച്ചിരിക്കുന്നതും. കൂടാതെ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്ക് മുന്നില്‍ എത്തിക്കാനുളള നീക്കവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

കൊച്ചിയില്‍ ആര്‍എസ്എസ് നേതാക്കളുമായും, ബിജെപി സംസ്ഥാന, ജില്ലാ ഭാരവാഹികളുമായും അമിത്ഷാ കൂടികാഴ്ച നടത്തും. ശനിയാഴ്ച തിരുവനന്തപുരത്തേക്ക് പോകും. ഞായറാഴ്ച രാവിലെ അരിസ്‌റ്റോ ജംങ്ഷന് സമീപം ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പുതിയ മന്ദിരത്തിന് തറക്കല്ലിടും. വൈകീട്ട് തിരിച്ച് പോകും.

© 2024 Live Kerala News. All Rights Reserved.