വീണ്ടും സര്‍ക്കാര്‍- സെന്‍കുമാര്‍ പോര്; പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി

തിരുവനന്തപുരം: പിണറായി സര്‍ക്കാരും പൊലീസ് മേധാവി ടിപി സെന്‍കുമാറും തമ്മിലുള്ള പോര് വീണ്ടും. പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് വീണ്ടും സര്‍ക്കാരിനെതിരെ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ മേയ് 20ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ നടപ്പാക്കാന്‍ സെന്‍കുമാര്‍ തയ്യാറായില്ല. പകരം ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു.
പൊലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനുകളിലെ ഫയലുകളുടെ ചിത്രങ്ങളും വിവരങ്ങളും സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ പകര്‍ത്തിയതായും ആക്ഷേപം ഉണ്ട്. സെന്‍കുമാറിനൊപ്പമുള്ള ഗണ്‍മാന്‍ എഎസ്‌ഐ അനില്‍കുമാറിനെതിരെയാണ് ആക്ഷേപം. ഡിജിപി അറിയാതെ അദ്ദേഹത്തിന്റെ ഗണ്‍മാനെ സര്‍ക്കാര്‍ മാറ്റിയതും സെന്‍കുമാറിനെ പ്രകോപിപ്പിച്ചിരുന്നു. അനില്‍കുമാറിനെ മാതൃവകുപ്പിലേക്ക് മാറ്റാനുള്ള ഈ ഉത്തരവടക്കമാണ് നടപ്പാക്കാതെ സെന്‍കുമാര്‍ വൈകിപ്പിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ പൊലീസ് മേധാവിയായി തിരിച്ചെത്തിയ സെന്‍കുമാര്‍ ആദ്യം നല്‍കിയ ഉത്തരവുകളാണ് വിവാദമായത്. അകാരണമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടികാണിച്ച്

ജൂനിയര്‍ സൂപ്രണ്ട് ബീനാ കുമാരി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ നീക്കിയെന്നു കാണിച്ച് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി ബീനാ കുമാരി തസ്തികയില്‍ തുടരട്ടേയെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.
ഈ നടപടികളെ ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സര്‍ക്കാരിന് കത്തയച്ചത്. വ്യക്തത വരുത്തണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ ഉത്തരവ് രണ്ടാഴ്ചയായിട്ടും പൊലീസ് മേധാവി നടപ്പാക്കാത്തതിനെതിരെ കര്‍ശന നടപടിയെടുക്കാത്തത് വീണ്ടും വിവാദമാകുമെന്ന ആശങ്കയിലാണ്.

© 2024 Live Kerala News. All Rights Reserved.