മോഡി സര്‍ക്കാര്‍ മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുത്തെന്ന് അരുണ്‍ ജെയ്റ്റ്‌ലി; ‘കശാപ്പ് നിയന്ത്രണ ഉത്തരവ് സംസ്ഥാന താല്‍പര്യത്തിന് എതിരല്ല’

ന്യൂ ഡല്‍ഹി: മോഡി സര്‍ക്കാര്‍ മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ട് വന്ന് ഒരു ദിവസം പിന്നിടവെയാണ് സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാനായെന്ന ധനമന്ത്രിയുടെ പ്രസ്താവന. ബിജെപി സര്‍ക്കാരിന്റെ നോട്ട് നിരോധനം രാജ്യത്തെ പിന്നോട്ടടിച്ചതാണ് ജിഡിപി ഇടിവിന് കാരണം.
ബിജെപി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികള്‍ രാജ്യത്തെ സാമ്പത്തിക അടിത്തറ ശക്തമാക്കിയെന്നാണ് ധനമന്ത്രിയുടെ വാദം. മൂന്ന് വര്‍ഷം മുമ്പ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആഗോള തലത്തില്‍ ഒരിടത്തും കാര്യമായി സ്ഥാനമില്ലായിരുന്നു. അത്രയ്ക്കും ദുര്‍ബലമായ ഒരു സമ്പദ് വ്യവസ്ഥയെയാണ് ഇത്രയും ശക്തമാക്കി മാറ്റിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തോട് പടവെട്ടുകയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കല്‍മൂലം കറന്‍സി രഹിത ഇടപാടുകള്‍ വര്‍ധിച്ചു. നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ സുരക്ഷിതമല്ലെന്ന സന്ദേശം നികുതി ദായകര്‍ക്ക് നല്‍കാനുമായെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിനെ ന്യായീകരിക്കാനും ധനമന്ത്രി മറന്നില്ല. സംസ്ഥാനങ്ങളുടെ താല്‍പര്യം ഹനിക്കുന്ന ഒന്നല്ല ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന വിമര്‍ശനം അദ്ദേഹം തള്ളിക്കളഞ്ഞു. കേന്ദ്ര ഉത്തരവ് വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍നിന്ന് കന്നുകാലികളെ ആര്‍ക്ക് വാങ്ങാം ആര്‍ക്ക് പാടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിവക്ഷിച്ചതെന്നാണ് ജെയ്റ്റ്‌ലിയുടെ വാദം.

© 2024 Live Kerala News. All Rights Reserved.