പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രിയല്ലാതെ ആര് വരും; കശാപ്പ് നിയന്ത്രണത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിനെ പരിഹസിച്ച് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രിയല്ലാതെ ആര് വരുമെന്നാണ് ചെന്നിത്തല ചോദിച്ചത്. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കകളുണ്ടെന്നും ജനങ്ങളുടെ ആരോഗ്യത്തേയും തൊഴിലിനേയും ബാധിക്കുന്ന വിഷയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തെ ചെന്നിത്തല പരിഹസിച്ചത്.
സാധാരണക്കാരുടെ ഭക്ഷണത്തെ നിരോധിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്. ജനങ്ങള്‍ ഏത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസോ കേന്ദ്രസര്‍ക്കാരോ അല്ലെന്നും ചെന്നിത്തല പറഞ്ഞു.
മദ്യശാലകള്‍ തുറക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം മുതലാളിമാരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനുള്ള എല്‍ഡിഎഫിന്റെ പ്രത്യുപകാരമാണെന്നാണ് ആരോപണം.

മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നതാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇഷ്ടാനുസരണം ബാറുകള്‍ തുറക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.