വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് വിഎസ്; അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: ജുഡീഷ്യല്‍ അ്‌ന്വേഷണം പൂര്‍ത്തിയാവുന്നതുവരെ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വിഎസിന്റെ കത്ത്.
അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. സിഎജി കണ്ടെത്തിയ ക്രമക്കേടുകളിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ബര്‍ത്ത് ടേര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം നടക്കാനിരിക്കെയാണ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാവശ്യപ്പെട്ട് വിഎസിന്റെ കത്ത്.
വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കരാറിനെ കുറിച്ച് അന്വേഷിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ കെ മോഹന്‍ദാസും ജുഡീഷ്യല്‍ കമ്മീഷനില്‍ അംഗമാണ്.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വിഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ദുരൂഹവും സംശയംനിറഞ്ഞതുമാണ്. അദാനിയുടെ കാല്‍ക്കീഴില്‍ തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാര്‍. നിലവിലെ കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന പേരില്‍ മുന്നോട്ട് പോകുന്നത് ശരിയല്ല. കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും നിയമസഭയില്‍ വിഎസ് സബ്മിഷനിലൂടെ ഉന്നയിച്ചു.

© 2024 Live Kerala News. All Rights Reserved.