നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; അഞ്ച് പാക് സൈനികരെ വധിച്ചു

ശ്രീനഗര്‍: ഭിംബര്‍ മേഖലയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യന്‍ സേനയുടെ വെടിവെയ്പ്പില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ നിന്ത്രണ രേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിച്ചു വരുത്തി വിശദീകരണം തേടി.
കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്.
ഭിംബര്‍, ബറ്റല്‍ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം വെടിവെയ്പ്പ് നടത്തിയത്. നിയന്ത്രണ മേഖലയിലെ നൗഷേര, കൃഷ്ണഘട്ടി സെക്ടറുകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പുലര്‍ച്ചെ തുടങ്ങിയ വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കാശ്മീരിലെ സോപോറില്‍ ഇന്നു രാവിലെ രണ്ടു ഭീകരരെ സൈന്യം ഏറ്റു മുട്ടലില്‍ വധിച്ചിരുന്നു. സോപോറിലെ നാതിപാര മേഖലയില്‍ പുലര്‍ച്ചെ മൂന്നരക്കാണ് സുരക്ഷ സേന ഏറ്റു മുട്ടലില്‍ ഭീകരരെ വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും പണവും പിടിച്ചെടുത്തെന്നും സൈന്യം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.