ന്യൂ ഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കില്ലെന്ന് ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്രിമം നടക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ക്ക് തെളിയിക്കാന്‍ രണ്ട് ദിവസത്തെ സമയവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. സര്‍വ്വകക്ഷി യോഗത്തിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുവെന്നും വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്.
ആംആദ്മി പാര്‍ട്ടിയാണ് ബിജെപിക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയും ശക്തമായി രംഗത്ത് വന്നത്. വോട്ടിങ് മെഷീന്‍ ക്രമക്കേട് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിക്ക് എതിരായി ഉയര്‍ത്തിയിരുന്നു. ചൊവ്വാഴ്ച ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് ലൈവായി കാണിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ സംശയം ഉടലെടുത്തത്. ഈ സാഹചര്യത്തിലാണ് ഹാക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയാലുക്കളെ വെല്ലുവിളിച്ചത്. ആംആദ്മി ഉപയോഗിച്ച യന്ത്രമല്ല ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
വോട്ടിങ് യന്ത്രം ഉപേക്ഷിച്ചു പേപ്പര്‍ ബാലറ്റിലേക്കു മടങ്ങണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ 16 പാര്‍ട്ടികളാണു കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവരുടെ ആവശ്യം കമ്മീഷന്‍ തള്ളുകയാണ് ഉണ്ടായത്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണെന്നും അല്ലെന്ന് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും അതിന് അവസരം തരാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചു. വോട്ടു ചെയ്തത് ആര്‍ക്കാണെന്ന് അറിയാന്‍ കഴിയുന്ന വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമാക്കാനും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.