പൊലീസിനെ വട്ടം കറക്കി ജസ്റ്റിസ് കര്‍ണന്‍; ചെന്നൈയില്‍ നിന്നും മുങ്ങി; രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായും റിപ്പോര്‍ട്ട്

ചെന്നൈ: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍. വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസ് പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കര്‍ണനെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.
സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് അദ്ദേഹം ചെന്നൈയിലെത്തിയത്. ചെന്നൈ ഗവ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന കര്‍ണന്‍ ബില്ലുകള്‍ പോലും അടക്കാതെയാണ് അവിടെനിന്നും പോയതെന്നാണ് സൂചന. ആന്ധ്രയിലെ ശ്രീകളഗസ്തി ക്ഷേത്രത്തിലേക്കാണ് കര്‍ണന്‍ പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കര്‍ണന്‍ കൂടികാഴ്ച നടത്താന്‍ കര്‍ണന്‍ ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അദ്ദേഹം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് നാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കര്‍ണനെ കണ്ടെത്താനുളള ശ്രമത്തിലാണിപ്പോള്‍ കൊല്‍ക്കത്ത പൊലീസ് സംഘം.

കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് സിഎസ് കര്‍ണന്‍. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പിന്നീട് മാപ്പുപറയാന്‍ തയ്യാറാകാത്ത കര്‍ണനോട് വൈദ്യപരിശോധനക്ക് വിധേയനാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരെ തടവ് ശിക്ഷക്ക് വിധിച്ച് കര്‍ണന്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവ് വിധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.