ഐഎസിനായി ‘മെസേജ് ടു കേരള’ വാട്‌സാപ്പ് ഗ്രൂപ്പ്: പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ; നേതൃത്വം നല്‍കുന്നത് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ്

രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി വാട്സാപ്പും, ഫെയ്സ്ബുക്കും അടക്കമുളള സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായവരില്‍ ഉള്‍പ്പെട്ട യുവാവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റാഷിദാണ് മെസേജ് ടു കേരള എന്ന വാട്സാപ്പ് ഗ്രൂപ്പ് നിയന്ത്രിക്കുന്നതെന്നും പ്രചാരണം നടത്തുന്നതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
ഈ ഗ്രൂപ്പിലേക്ക് സമ്മതമില്ലാതെ അംഗങ്ങളെ ചേര്‍ക്കുന്നുവെന്ന പരാതിയും എന്‍ഐഎക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് നിന്നും നാടുവിട്ടവരുടെ സംഘത്തിലെ പ്രധാനിയായ അബ്ദുള്‍ റാഷിദിലേക്ക് എന്‍ഐഎ എത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുക എന്നതാകാം ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് കരുതുന്നതായും എന്‍ഐഎ കേന്ദ്രങ്ങള്‍ വിശദമാക്കുന്നു.
തൃക്കരിപ്പൂരിലെ അബ്ദുള്‍റാഷിദ് ഭാര്യ ആയിഷ, രണ്ടു വയസുളള കുട്ടി എന്നിവരുമായിട്ടാണ് രാജ്യംവിട്ടത്. കൂടാതെ പടന്നയിലെ ഡോ.ഇജാസ്, ഭാര്യ ഡോ.റിസൈല, ഇജാസിന്റെ അനുജനും എന്‍ജിനീയറിങ് ബിരുദധാരിയായ ഷിഹാസ്, ഭാര്യ ഉളളാള്‍ സ്വദേശി അജ്മല, ഹഫീസുല്‍, അഷ്ഫാക്ക്, തൃക്കരിപ്പൂരിലെ മര്‍വാന്‍,ബാക്കാരിമുക്കിലെ മര്‍ഷാദ്,ഫിറോസ്, പാലക്കാട് സ്വദേശികളായ ഈസ,യഹിയ എന്നിവരും അവരുടെ ഭാര്യമാരെയുമാണ് കാണാതായതായി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
2016 ജൂലൈ മാസത്തിലാണ് കാസര്‍കോട്,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും മൂന്ന് സ്ത്രീകളും ആറു കുട്ടികളും അടക്കം 21പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കുന്നത്. ഇതില്‍ കുറച്ചുപേര്‍ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെ തെഹ്‌റാനില്‍ എത്തിയെന്ന് അന്വേഷണ ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. അതെസമയം കാണാതായതിനുശേഷം ഇവരില്‍ പലരും തങ്ങള്‍ സുരക്ഷിത സ്ഥലത്ത് എത്തിച്ചേര്‍ന്നതായി വീട്ടുകാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
തുടര്‍ന്ന് ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ ഇവരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും സന്ദേശം ലഭിച്ചിരുന്നു. പാലക്കാട് നിന്നും കാണാതായ യഹിയ, കാസര്‍കോട് സ്വദേശികളായ ഹഫീസുദ്ദീന്‍, ടി.കെ മുര്‍ഷിദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിക്കുകയും മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.