ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്‌നപദ്ധതിയായ കിഫ്ബിക്കെതിരെ മന്ത്രി സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. വി.ഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. മന്ത്രി അതിന് വിശദീകരണം നല്‍കിയതാണെന്നും വിഷയം അടിയന്തര പ്രാധാന്യമുളളതല്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നോട്ടീസ് തളളി.
പ്രസക്തമല്ലാത്ത വിഷയം സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നോട്ടീസിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ സംരക്ഷിക്കണമെന്നും സ്പീക്കര്‍ നിക്ഷ്പക്ഷനല്ലേയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വ വിഷയം ഉന്നയിക്കുന്നതിന് എന്താണ് തടസം? സ്പീക്കര്‍ നിരന്തരം പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ചെയറിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് വ്യക്തമാക്കി വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ തുടര്‍ന്നും പുരോഗമിക്കുകയാണ്.
ആലപ്പുഴയില്‍ ടാക്സ് കണ്‍സല്‍റ്റന്റ്സ് അസോസിയേഷന്‍ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ധനവകുപ്പിനെ കടുത്ത ഭാഷയില്‍ സുധാകരന്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചത്. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി പണം കണ്ടെത്താനുളള ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചു.
പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം അനുവദിക്കും. അതേ പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കില്ല, ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായ്പയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ എടുക്കുന്ന പരിപാടിയാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. കിഫ്ബിയെ വിമര്‍ശിച്ചെന്ന പ്രചാരണം ഭാവനാസൃഷ്ടിയാണെന്ന് വ്യക്തമാക്കി സുധാകരന്‍ പിന്നീട് ഇതി നിഷേധിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു.