മുംബൈ: 2014-ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലൊരു ഉത്തരവ്. 2014 നിയമസഭ തെരഞ്ഞെടുപ്പിലെ പൂനെയിലെ പാര്‍വത്തി മണ്ഡലത്തിലെ 185ാം ബൂത്തിലെ വോട്ടിംഗ് മെഷീനുകളാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശിച്ചത്.
ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയോട് 9 ചോദ്യങ്ങളും ബോംബെ ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. പുറമേ നിന്നും നിയന്ത്രിക്കുന്ന രീതിയില്‍ മെഷീനുകളില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നും അഡീഷണല്‍ മെമ്മറി ചിപ്പുകള്‍ മറ്റ് വിവരങ്ങളുമായി കടത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപിയുടെ മാധുരി മിസാലിനോട് പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ അഭയ് ഛാജെഡാണ് ബോംബെ ഹൈക്കോടതിക്ക് മുന്നില്‍ പരാതിയുമായി എത്തിയത്. മേയ് നാലിന് ജസ്റ്റിസ് മൃദുല ഭട്കാറാണ് കേസില്‍ വാദം കേട്ടതും ഫോറന്‍സിക് പരിശോധനയ്ക്ക് ഉത്തരവിട്ടതും.
മേയ് 15ന് മുമ്പ് പരിശോധന നടത്തി റിപ്പോര്‍ട്ടയക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയുടെ ചെലവുകള്‍ പരാതിക്കാരന്‍ തന്നെ വഹിക്കണം.