അടിവസ്ത്രമഴിപ്പിച്ച് പരിശോധന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഎസ്ഇ ഡയറക്ടര്‍ക്ക് നിര്‍ദേശം

സംസ്ഥാനത്ത് ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ അടക്കമുളള ജില്ലകളില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇതില്‍ ഇടപെടണം. സിബിഎസ്ഇ റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയുംചെയ്തു. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയെന്ന പേരില്‍ ഇത്തരം നടപടികള്‍ക്ക് വിധേയമാക്കിത്.കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്.

പലരും നാണക്കേടുകൊണ്ട് കരഞ്ഞു. പയ്യാമ്പലത്തെ ഒരു തപാല്‍ജീവനക്കാരന്റെ മകള്‍ ജീന്‍സാണ് ധരിച്ചിരുന്നത്. ആദ്യപരിശോധനയില്‍ ജീന്‍സിലെ ലോഹബട്ടണ്‍ മുറിച്ചുമാറ്റിച്ചു. അതിനുശേഷം ചെന്നപ്പോള്‍ ജീന്‍സിലെ പോക്കറ്റ് ഒഴിവാക്കണമെന്നായി. പോക്കറ്റ് കീറിയാല്‍ ശരീരം വെളിയില്‍ കാണുമെന്നതിനാല്‍ അച്ഛന്‍ മറ്റൊരു വസ്ത്രം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഏറെ ദൂരെപ്പോയി കട തുറപ്പിച്ച് ലെഗ്ഗിന്‍സ് കൊണ്ടുവന്നാണ് മകള്‍ക്ക് നല്‍കിയത്.
ചെറുവത്തൂരിലെ അധ്യാപികയുടെ മകള്‍ക്കും ദൂരെപ്പോയി വസ്ത്രം വാങ്ങേണ്ടിവന്നു. അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകി. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു. മാലൂര്‍ അരയാരംകീഴില്‍ ദേവാനന്ദിന്റെ മകള്‍ വി. ചഞ്ചലിന്റെ ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കരഞ്ഞു. പ്രശ്നമായതോടെ ഒരു കൈമാത്രം മുറിച്ചുനിര്‍ത്തി. വൈകുന്നേരം വീട്ടിലേക്ക് ഒറ്റക്കൈയുള്ള ചുരിദാറും ധരിച്ചാണ് പെണ്‍കുട്ടി മടങ്ങിയതും.

© 2024 Live Kerala News. All Rights Reserved.