ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ കനത്ത തിരിച്ചടി.ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ 2014ലെ വിധി സുപ്രീംകോടതി റദ്ദാക്കി. കൂടാതെ നാലുകേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയ കുറ്റകരമായ ഗുഢാലോചന, ക്രിമിനല്‍ താത്പര്യം മുന്‍നിര്‍ത്തി മനഃപൂര്‍വം അഴിമതി തടയാതിരിക്കുക എന്നിവ അന്വേഷിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഗുഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു.
ഒന്‍പത് മാസത്തിനുളളില്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ മുഖ്യപ്രതിയായ ലാലുപ്രസാദ് യാദവിനെ 2013ല്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് അദ്ദേഹം സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു.