എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 1174 സ്‌കൂളുകളില്‍ നൂറുശതമാനം വിജയം നേടിയതായും ഇതില്‍ 405 സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ 377 സര്‍ക്കാര്‍ സ്‌കൂളുകളിലായിരുന്നു നൂറുശതമാനം വിജയം നേടിയത്. പത്തനംതിട്ട ജില്ലയാണ് വിജയശതമാനം കൂടിയ റവന്യുജില്ല.
വയനാട് ജില്ലയിലാണ് കുറവ് വിജയശതമാനം. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 437,156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സേ പരീക്ഷ മേയ് 22 മുതല്‍ 26 വരെ നടക്കുമെന്നും ഇതിനുളള അപേക്ഷകള്‍ ഈ മാസം എട്ടാം തിയതി മുതല്‍ 12 വരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റീവാല്യുവേഷനുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സേ പരീക്ഷയ്ക്ക് മുമ്പായി കഴിഞ്ഞ വര്‍ഷം 96.59 ശതമാനം പേരാണ് ജയിച്ചത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് പരീക്ഷാഫലം വന്നിരുന്നു. മാര്‍ച്ച് എട്ടിന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകള്‍ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് മുപ്പതിനാണ് അവസാനിച്ചത്. മാര്‍ച്ച് 20ന് നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ പതിനൊന്നോളം ചോദ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നുളള പരീക്ഷയില്‍ നിന്നും അതേപടി കോപ്പിയടിച്ചതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷ വീണ്ടും നടത്തിയത്.
ഇത്തവണയും മോഡറേഷന്‍ ഒഴിവാക്കിയെങ്കിലും കൂടുതല്‍ പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതായി സൂചനകളുണ്ട്. നാലരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ റെഗുലറായും 2588 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റായും ഇത്തവണ പരീക്ഷ എഴുതിയിരുന്നു.