ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സമ്പത്തിലും സ്വര്‍ണത്തിലും വ്യാപകമായ ക്രമക്കേട് നടന്നതായി സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് നിര്‍ദേശം.
വിനോദ് റായ് അധ്യക്ഷനായ സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയും അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നത് ഒരേ കാര്യമാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും വെള്ളിയുമെല്ലാം ഈ കാലങ്ങള്‍ക്ക് ഇടയില്‍ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട വിനോദ് റായിയുടെ റിപ്പോര്‍ട്ടിനെ കുറിച്ചും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
കഴിഞ്ഞ വര്‍ഷത്തെ ക്ഷേത്ര ചെലവുകളെ കുറിച്ചും സമ്പത്തിനെ കുറിച്ചുമുള്ള അക്കൗണ്ട് ബുക്കുകള്‍ കൃത്യമായി തയ്യാറാക്കുന്നില്ല. 2001-2002, 2008- 2009 കാലത്തെ ആദായ നികുതി ക്ഷേത്രം അടച്ചിട്ടില്ല.
ക്ഷേത്രത്തിന് സമര്‍പ്പിക്കപ്പെട്ട സ്വര്‍ണത്തിനും വെള്ളിക്കും കൃത്യമായ കണക്കില്ല. ഇന്റേണല്‍ ഓഡിറ്ററും ഇത് സമ്മതിക്കുന്നു.
അക്കൗണ്ട് ബുക്കുകളില്‍ കാണിച്ചിട്ടുള്ള ചെലവുകള്‍ സംബന്ധിച്ച് കൃത്യമായ രസീതുകളോ രേഖകളോ കാണിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് കഴിയുന്നില്ല.
ക്ഷേത്ര ഭാരവാഹകളുടെ അധീനതയിലുള്ള പൂര്‍ണമായ സ്വത്ത് വിവരങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ശ്രീകാര്യം ഓഫീസിലുള്ള സ്വര്‍ണ ലോക്കറ്റുകള്‍ രേഖകളില്‍ ചേര്‍ത്തിട്ടില്ലെന്ന് ക്ഷേത്ര ഓഡിറ്റര്‍ പറയുന്നു.
മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ.
776 കിലോയുള്ള 769 സ്വര്‍ണ പാത്രങ്ങള്‍ കാണാതായിട്ടുണ്ട്.
സ്വര്‍ണം ഉരുക്കലിലും ശുദ്ധമാക്കലിനും ശേഷം 887 കിലോ സ്വര്‍ണത്തില്‍ നിന്ന് തിരിച്ച് ലഭിച്ചത് 624 കിലോ മാത്രമാണ്, നഷ്ടമായത് 30% വരുന്ന 263 കിലോയും.
മഹസര്‍ രജിസ്റ്റര്‍ പ്രകാരം 1990 ജൂലൈയ്ക്കും 2002 ഡിസംബറിനും ഇടയില്‍ ബി നിലവറ 7 തവണ തുറക്കപ്പെട്ടിട്ടുണ്ട്.
സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടതിന് പുറമെ ക്ഷേത്ര ഭൂമിയിലും കയ്യേറ്റം നടന്നിട്ടുണ്ട്. ഭൂമി കയ്യേറി വാടക തരാത്തവരും ധാരാളമുണ്ട്.