കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്നതിനെ നിര്‍ഭാഗ്യകരമായ സംഭവമെന്ന് വിശേഷിപ്പിച്ചും നിലപാട് മയപ്പെടുത്തിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. ഇത്തരമൊരു കൂട്ടുകെട്ടിന് പാര്‍ട്ടി നിര്‍ദേശം കൊടുത്തിരുന്നില്ലെന്നും കോട്ടയം ഡിസിസി വിലയ്ക്ക് വാങ്ങിയതാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയം ഡിസിസി നിരന്തരം കേരള കോണ്‍ഗ്രസിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് വേദനയുണ്ടായ സാഹചര്യത്തില്‍ ചടുലമായ പ്രതികരണമുണ്ടായി. അതിനെ തളളിപ്പറയാനാകില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കെ.എം മാണി പറഞ്ഞു.
അവര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തുമെന്ന് മനസില്‍ തോന്നിയിരുന്നു. എന്നാല്‍ പാര്‍ട്ടി അതിനായി തീരുമാനമെടുക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്നും പ്രാദേശികമായ വികാരത്തളളല്‍ ആണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ പാര്‍ട്ടി വിലയിരുത്തും. പാര്‍ട്ടിയുടെ നയപരമായ തീരുമാനമൊന്നുമല്ല ഇത്. ഇടതുപക്ഷമായി സഹകരിക്കുമെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പ്രാദേശികമായി സംഭവിച്ചത് അത്ര വലിയ കാര്യമായി കാണേണ്ട. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് സ്വതന്ത്ര്യ നിലപാട് എടുക്കാമെന്നും മാണി വിശദമാക്കി.
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ആയിരുന്നു. പക്ഷേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി കോട്ടയം ഡിസിസിയാണ്. സിപിഐഎമ്മുമായി കേരള കോണ്‍ഗ്രസ് കൂട്ടുകൂടുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കും കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി എ.കെ ആന്റണി കൂട്ടുകൂടിയിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി അസ്പൃശ്യത കല്‍പ്പിക്കാന്‍ ആര്‍ക്ക് കഴിയും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നു തൊട്ടുപോയത് ഒരു അപരാധമായത് കോണ്‍ഗ്രസുകാര്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല.
അഹങ്കരിച്ചൊന്നും ആരും വര്‍ത്തമാനം പറയേണ്ട. എന്തെങ്കിലും കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിന് മുന്‍പുളള മൂന്‍കൂര്‍ നടപടിയല്ല ഇത്. കേരള കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കാത്ത ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ല. മുന്‍പ് അഴിമതിക്കാരന്‍ എന്നുവിളിച്ചതിനാല്‍ സിപിഐഎമ്മുമായി കൂട്ടുകൂടില്ല എന്നില്ല. സിപിഐയുടെ എതിര്‍പ്പിന് കാരണം എല്‍ഡിഎഫില്‍ തങ്ങള്‍ വന്നാല്‍ അവരുടെ സ്ഥാനം പോകുമെന്ന പേടിയാണെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ക്ക് ജോസ് കെ മാണിയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ജോസ് കെ മാണിക്കെതിരെ രംഗത്തുവരുന്നവര്‍ക്ക് അജണ്ട ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായ ഇ.എം അഗസ്തിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും കെ.എം മാണി വിശദമാക്കി.