വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെയുളള കേസ് കോടതി തളളി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് കോടതി മണക്കാട് പ്രസംഗത്തെ തുടര്‍ന്നുളള കേസ് തളളിയത്. തൊടുപുഴ പൊലീസായിരുന്നു മണിക്കെതിരെ കേസ് ചുമത്തിയിരുന്നത്.
ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ ‘വണ്‍ റ്റു ത്രീ ‘ പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗം. ദേശീയതലത്തില്‍ തന്നെ പ്രസംഗം വിവാദമാകുകയും സിപിഐഎം ഏറെ പ്രതിരോധത്തില്‍ ആകുകയും ചെയ്തിരുന്നു ഈ വിഷയത്തില്‍.
തുടര്‍ന്ന് അഞ്ചേരി ബേബിവധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട മണി ജയില്‍വാസത്തിന് ശേഷമാണ് ഇടുക്കിയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മണിയെ തെരഞ്ഞെടുത്തത്.
പിന്നാലെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മന്ത്രിസഭയിലുണ്ടായ അഴിച്ചുപണിയില്‍ എം.എം മണിയെ വൈദ്യുതി മന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്നും പ്രസംഗത്തിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ആശ്വാസമെന്നോണം മണക്കാട് പ്രസംഗത്തിന്റെ കേസ് കോടതി തളളിയ വാര്‍ത്ത എത്തുന്നതും.