ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി മുഖ്യമന്ത്രി പിണറായി വിജയനു ബന്ധമുണ്ടെന്ന ആരോപണവുമായി ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുമതിയില്ലാതെ ഈ കൊലപാതകം ആസൂത്രണം ചെയ്യില്ലെന്ന് രമ ആരോപിക്കുന്നു. ടിപി വധകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കെ കെ രമ.
ടി പി ചന്ദ്രശേഖരന്റെ കൊലപതാകം നടന്ന് അഞ്ചാം വര്‍ഷം തികയുന്നവേളയിലാണ് വീണ്ടും നിയമപോരാട്ടത്തിന് കെ.കെ. രമ തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.എം. നേതാക്കള്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പേരെടുത്തുപറഞ്ഞ് കെ.കെ. രമ ആരോപണം ഉന്നയിക്കുന്നത് ഇത് ആദ്യമായാണ്. കൊലപാതകത്തില്‍ പിണറായി വിജയനും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്തമായ പങ്കുണ്ടെന്നും കേസന്വേഷണം അവരിലേക്ക് എത്താതെ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും കെ കെ രമ ആരോപിക്കുന്നു.
ജയരാജന്റെ കാറിലാണ് പ്രതികള്‍ രക്ഷപ്പെടത്ത്. കൊടി സുനി അടക്കമുള്ളവര്‍ക്ക് ഒളിത്താവളമൊരുക്കിയതു കണ്ണൂര്‍ ജില്ലയിലെ സി.പി.എം. നേതൃത്വമാണ്. രണ്ടു ജില്ലകളിലെ സി.പി.എം. പ്രവര്‍ത്തകര്‍ ചേര്‍ന്നു നടത്തിയ കൊലപാതകത്തിന്റെ ഏകോപനം കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് നിര്‍വഹിച്ചത്. ഇക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവരുമെന്ന പ്രതീക്ഷ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമ പറഞ്ഞു. കോഴിക്കോട് സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്ത് ടി.പിയെ വധിക്കാനുള്ള ഗൂഢാലോചനകള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പി. ജയരാജന്‍ അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുമതിയില്ലാതെ ഈ കൊലപാതകം ആസൂത്രണം ചെയ്യില്ലെന്ന് രമ പറഞ്ഞു. അന്വേഷണം സത്യസന്ധമായി മുന്നോട്ടു നീങ്ങിയാല്‍ സി.പി.എമ്മിലെ ഉന്നതരായ ഈ നേതാക്കളൊക്കെ കുടുങ്ങും.
ഗൂഢാലോചനെയെക്കുറിച്ച് എന്‍. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ പല തെളിവുകളും ലഭിച്ചത്. ഇതില്‍ കോള്‍ ഡീറ്റെയില്‍സ് റിപ്പോര്‍ട്ടിന്റെ സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ടെലിഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്നും രമ ആരോപിച്ചു. സര്‍ക്കാര്‍ വേട്ടക്കാരന്റെ കൂടെയാണ്. ഇരകള്‍ക്കു നീതി ലഭിക്കില്ല. രാഷ്ട്രീയ ഒത്തുതീര്‍പ്പുകളില്‍ ടിപി കേസ് മുങ്ങിപ്പോയിരിക്കുന്നു. ഇവിടെ അധികാരവും പണമുള്ളവര്‍ക്കു മാത്രമേ നീതി ലഭിക്കൂ. അതിനാല്‍ ടിപി കേസില്‍ ഇനി നീതി ലഭിക്കുമെന്ന വിശ്വാസമില്ല. അതുകൊണ്ടുതന്നെ ജനം നീതി നടപ്പാക്കുമെന്നും രമ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഈ അവശ്യത്തെ പിന്തുണച്ച് കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്‍ കൊലപാതകത്തെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിന്റെ കൈയിലുണ്ടായിരുന്നുവെന്നും കെ കെ രമ പറയുന്നു. ടി പി ചന്ദ്രശേഖരന്‍ കേസിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെയെന്നും കെ കെ രമ ചോദിക്കുന്നു. ടി പി കേസില്‍ സ്വീകരിച്ച നടപടികളാണ് സെന്‍കുമാറിന്റെ ഇന്നത്തെ അവസ്ഥക്കിടയയാക്കിയതെന്നും കെ കെ രമ പറയുന്നു.