പുറത്തേക്കില്ലെന്ന് കുമാര്‍ വിശ്വാസ്; ആംആദ്മിയിലെ കൊടുങ്കാറ്റിന് ശമനം; അട്ടിമറിയില്ല; ആരോപണം ഉന്നയിച്ച അമാനത്തുള്ളയ്ക്ക് സസ്പെന്‍ഷന്‍

ന്യൂ ഡല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് വിരാമമിട്ട് പാര്‍ട്ടിയില്‍ തുടരുമെന്ന് കുമാര്‍ വിശ്വാസിന്റെ പ്രഖ്യാപനം. പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ കുമാര്‍ വിശ്വാസിന് രാജസ്ഥാന്റെ ചുമതലയും നല്‍കി. വിശ്വാസ് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അമാനത്തുള്ള ഖാനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കുമാര്‍ വിശ്വാസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് അരവിന്ദ് കെജ്രിവാള്‍ ഒപ്പം നിര്‍ത്തിയത്.
അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്റെ ചുമതല കുമാര്‍ വിശ്വാസിനെ ഏല്‍പ്പിച്ചതും പെട്ടെന്ന് ഒരു ഭിന്നിപ്പ് ഉണ്ടാകാതിരിക്കാനാണ്. കുമാര്‍ വിശ്വാസിന്റെ വര്‍ധിച്ചുവരുന്ന ബിജെപി ബന്ധമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയത്. ഒരു നല്ല ശതമാനം ആപ് എംഎല്‍എമാരുമായി വിശ്വാസ് ബിജെപി കൂടാരം കയറാന്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് അമാനത്തുള്ള ഖാന്‍ ആരോപിച്ചിരുന്നു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച അമാനത്തുള്ള ഖാനെതിരെ കര്‍ശന നടപടി വേണമെന്ന കുമാര്‍ വിശ്വാസിന്റെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ആപ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി അദ്ദേഹം പാര്‍ട്ടി പദവി രാജിവെച്ചിരുന്നു.

ഗാസിയബാദിലെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം കുമാര്‍ വിശ്വാസ് അസ്വസ്ഥനാണെന്നും അദ്ദേഹം തങ്ങളുടെ പോരാട്ടത്തിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിയാണെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിടില്ലെന്ന വിശ്വാസിന്റെ പ്രഖ്യാപനം

© 2024 Live Kerala News. All Rights Reserved.