കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് സിപിഎം ധാരണ. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം പിന്തുണക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കും. പതിനൊന്ന് മണിക്കാണ് തെരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിന്റെ സക്കറിയ കുതിരവേലിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് നീക്കം.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐ അംഗം അറിയിച്ചു. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം.
കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും കോണ്‍ഗ്രസിന് എട്ടും, കേരളാ കോണ്‍ഗ്രസിന് നാലും പിസിജോര്‍ജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണുളളത്.
നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുളള പ്രശ്നങ്ങളാണ് പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്.
ജില്ലാ പഞ്ചായത്ത് തലത്തില്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുളള പൂര്‍ണ അധികാരം പ്രാദേശിക നേതൃത്വത്തിന് നല്‍കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എംഎല്‍എ മാരുടെ യോഗത്തിലും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെന്നാണ് സൂചന. ചരല്‍ക്കുന്ന ക്യാമ്പിലെടുത്ത് തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നതില്‍ ജോസ്ഫ് പക്ഷത്തിനും അഭിപ്രായ വ്യത്യാസമുണ്ട്.
ജില്ലയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സുചനയാണിതെന്നാണ് വിലയിരുത്തല്‍.