‘ഡിമാന്‍ഡുകള്‍’ നടപ്പിലാക്കിയില്ലെങ്കില്‍ ലയന ചര്‍ച്ചയില്ല; അന്ത്യശാസനവുമായി പനീര്‍ശെല്‍വം ക്യാമ്പ്; ഇപിഎസിന് ചൊവ്വാഴ്ച വൈകുന്നേരം വരെ മാത്രം സമയം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കി അണ്ണാഡിഎംകെ ലയന ചര്‍ച്ചയില്‍ കല്ലുകടി. ഡിമാന്‍ഡുകള്‍ അംഗീകരിക്കാത്ത പക്ഷം ലയന ചര്‍ച്ചയില്ലെന്ന് ഒ പനീര്‍ശെല്‍വം ക്യാമ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തിനകം ഉന്നയിച്ച കാര്യങ്ങള്‍ നടപ്പാക്കണമെന്നാണ് ഒപിഎസ് ക്യാമ്പിന്റെ അന്ത്യശാസനം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് ഒപിഎസ് ക്യാമ്പിന്റെ തീരുമാനം. ചര്‍ച്ചക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയേയും പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
നിലപാട് കടുപ്പിച്ച് പനീര്‍ശെല്‍വം നില്‍ക്കുമ്പോള്‍ ത്വരിത നടപടി വേണമെന്ന് പളനിസാമിക്കും കൂട്ടര്‍ക്കും അറിയാം. കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുള്ള പളനിസാമി ക്യാമ്പ് എന്ത് നിലപാടെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍നീക്കങ്ങള്‍.
കടുത്ത നീക്കമെന്ന നിലയില്‍ അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ സംസ്ഥാന വ്യാപകമായി പ്രചരണ പദ്ധതി തുടങ്ങാനും ഒപിഎസ് പക്ഷം തീരുമാനിച്ചിട്ടുണ്ട്. ജനപിന്തുണയുടെ കാര്യത്തില്‍ പനീര്‍ശെല്‍വത്തിനുള്ള മുന്‍തൂക്കം മുഖ്യമന്ത്രി ഇപിഎസിനേയും കൂട്ടരേയും ഭയപ്പെടുത്തുന്ന ഘടകമാണ്. 120 എംഎല്‍എമാര്‍ ഒപ്പമുണ്ടെങ്കിലും ഒരു തെരഞ്ഞൈടുപ്പ് ഒറ്റക്ക് നേരിട്ട് വിജയിപ്പിക്കാന്‍ മാത്രം നേതൃശേഷി പളനിസാമി പക്ഷത്തിനുണ്ടോയെന്ന കാര്യം സംശയമാണ്. ഇത് തന്നെയാണ് നേതാവെന്ന നിലയില്‍ പനീര്‍ശെല്‍വത്തിന് ഒരു പടി മുന്‍ഗണന നല്‍കുന്നത്.

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണവും ശശികലയേയും ടിടിവി ദിനകരനേയും ഔദ്യോഗികമായി പുറത്താക്കിയതിന്റെ രേഖകളുമാണ് ഒപിഎസ് പക്ഷത്തിന്റെ മുഖ്യാവശ്യങ്ങള്‍. ഇതില്‍ ശശികലയുടെ ബാനറുകള്‍ അടക്കം അണ്ണാഡിഎംകെ ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സന്നദ്ധത അറിയിച്ചെങ്കിലും മറ്റ് നടപടികള്‍ മുഖ്യമന്ത്രി പളനിസാമിയെടുക്കാത്തതാണ് ലയന ചര്‍ച്ച ഉപേക്ഷിക്കാന്‍ പനീര്‍ശെല്‍വം പക്ഷത്തെ പ്രേരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.