സെന്‍കുമാറിന്റെ ഹര്‍ജി കോടതി വെളളിയാഴ്ച പരിഗണിക്കും; നിയമോപദേശം ലഭിച്ചു; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

ഡിജിപിയായി പുനര്‍നിയമിക്കുന്നതില്‍ സംസ്ഥാനം കോടതിയലക്ഷ്യ നടപടി കാട്ടുന്നുവെന്ന് വ്യക്തമാക്കി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും. പൊലീസ് മേധാവിയുടെ നിയമനം നടപ്പാക്കാത്തത് കോടതിയലക്ഷ്യമെന്ന് കാട്ടിയാണ് ഹര്‍ജി. വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് കേസ് വെളളിയാഴ്ച പരിഗണിക്കുന്നതും. വിധിവരുന്നതിന് മുമ്പ് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ വ്യക്തതവേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.
ഇന്നലെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം അഭിഭാഷകന്‍ പിന്മാറിയിരുന്നു. കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ നാടകീയമായ പിന്മാറ്റം. പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമന്ന ആവശ്യം ജസ്റ്റിസ് മദന്‍ ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ദുഷ്യന്ത് ദാവെ ഉന്നയിച്ചിരുന്നില്ല.

സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതി ചേര്‍ത്താണ് സെന്‍കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നായിരുന്നു ആവശ്യം. ടിപി സെന്‍കുമാറിനെ തിരിച്ചെടുക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതിന് പിന്നാലെ ആയിരുന്നു ഇന്നലെ കോടതിയിലെ നാടകീയ നീക്കം.
കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ സെന്‍കുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി അന്തിമമാണ്. വിധി വന്ന് അതിന്റെ പിറ്റേ ദിവസം തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് പ്രശ്‌നങ്ങളുള്ളത്. വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് പ്രശ്‌നങ്ങളില്ല. പക്ഷെ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെ നിലപാട് തന്നെയാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ സ്വീകരിച്ചതും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഇന്നലെയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.